ഒഴുകാത്ത നദികൾ

നമ്മളങ്ങിനെയാണ്,

ആകെ ചിതറിക്കിടക്കുകയാണ്, പലരുടെയും ബുദ്ധിയിലും ചിന്തയിലും വികാരങ്ങളിലുമൊക്കെയായി……

നമ്മെ നിരീക്ഷിക്കുന്ന ഒരു കണ്ണുകൾക്കും മുഴുവനായി പിടികൊടുക്കാതെ പലർക്കും വീതിച്ചു കൊടുത്തിരിക്കുകയാണ് സ്വയം…..
എല്ലാവരിലും പൂർണ്ണത കാണിച്ച്, എന്നാൽ തീർത്തും അപൂർണ്ണനായി……
അത് കൊണ്ടാണ് ഒരേ സമയം നമ്മൾ ഓരോരുത്തർക്കും  
മിത്രവും ശത്രുവുമാകുന്നത്….

ബുദ്ധിയുള്ളവനും വിഡ്ഢിയുമാകുന്നത്…

രാഗിയും വൈരാഗിയുമാകുന്നത്….

ഞാനും ഞാനില്ലായ്മയുമാകുന്നത്…..

അങ്ങനെയാണ് ചിലർക്ക് നമ്മൾ നമ്മളല്ലാതാകുന്നത്……vks(May 2016)

Advertisements

ഇരുട്ടിന്റെ പുത്രൻ

രാത്രിയാണ്.

അവനവനാവാനുള്ള അവസാന ഇടം.

മുഖംമൂടികൾ അഴിച്ചു വച്ച് ഉറങ്ങാൻ ശ്രമിക്കുന്ന രാത്രികൾ.
തുറന്ന കണ്ണുകൾ, ചുറ്റുമുള്ളവ തിരയുവാനാവാതെ ഇരുട്ടിൽ വീർപ്പു മുട്ടുന്നു.
ഉള്ളിലെ ഇരുട്ട് കണ്ണിലൂടെ പുറംലോകവുമായി സമരസപ്പെടുന്നു.
ദൂരെ കേൾക്കുന്ന ഏതോ അജ്ഞാത ശബ്ദങ്ങൾ,രൂപമില്ലാതെ ചുറ്റും നിറയുന്നു.
കാഴ്ച തോൽക്കുന്നു.
തുറന്നിട്ട ജനലിലൂടെ ആ ഇരുട്ട് പരക്കുന്നു.

ചന്ദ്രനെ, നക്ഷത്രങ്ങളെ മറച്ച് അവ തിരിച്ചു വരാതെ വ്യാപിക്കുന്നു.
കൂരിരുട്ട്…..vks(Feb 2016)

ഹൃദയ ജീവി

നീ വ്യത്യസ്തനായിരുന്നു.
തിങ്ങിക്കൂടിയ അനേകം കണ്ണുകളെ വികസിപ്പിയ്ക്കാൻ പോന്നത്രയും വ്യത്യസ്തൻ.
ആരും വിലയിട്ട് നിശ്ചയിയ്ക്കാത്ത പ്രണയത്തിലെ അപൂർവ്വ നായകൻ.
മറ്റുള്ളവർ ധരിച്ച വസ്ത്രം തന്റെ കാമത്തിനെ ഉണർത്താതിരിയ്ക്കണമെന്ന് ശഠിയ്ക്കാത്തവൻ.
ഏതൊക്കെയോ പ്രമാണ പുസ്തകങ്ങൾ വിഴുങ്ങി മതവിദ്വോഷം പ്രചരിക്കാത്തവൻ.
സ്വത്വം ഭിന്നനാക്കി സമൂഹത്തിലെ ആത്മഹത്യാമുനമ്പിലേയ്ക്ക് തള്ളിവിടപ്പെട്ടവൻ.
എന്നിട്ടും …..
എന്നിട്ടും നീ ചിന്തിയ്ക്കുന്നു 
നാളെ മാറ്റം വരുമെന്ന് ……

യുദ്ധങ്ങൾ ഇല്ലാതെ ,ചോര വീഴാതെ, വിശുദ്ധമായ, 
വെറും നിയമ പുസ്തകങ്ങൾ ചിതലരിയ്ക്കാൻ കൊടുക്കുന്ന നാലുവരി നിയമത്തിനപ്പുറത്ത്

അങ്ങ് ദൂരെ ഒരു മാറ്റം വരുമെന്ന്……..

അത് ആസ്വദിയ്ക്കുന്ന ഭാവിയിലെ വ്യത്യസ്ത പ്രണയത്തിലെ മനുഷ്യരുടെ ചിരിയാണ് ഇന്നത്തെ നിന്റെ ജീവിതമെന്നും…………. vks (Jan 2016)

ഒറ്റ

​ഒഴുകിപ്പടർന്ന നിലാവിനേയും

ആർത്തിരമ്പുന്ന തിരകളേയും

തഴുകിയെത്തുന്ന കാറ്റിനേയും

വർണനകളിൽ മൂടുമ്പോൾ

……………………………………………..

 പകുതി മുറിഞ്ഞ മരം

ചിറകൊടിഞ്ഞ ഒരു കിളിയും

ആൾക്കൂട്ടത്തിൽ തനിയെ ….

ചിലത് അങ്ങിനെയാണ് 
ഉച്ചത്തിലുള്ള നിശബ്ദതകൾ.

വേറിട്ട ജീവിതങ്ങൾ……

വർണ്ണനയേക്കാൾ കൂടുതൽ, സ്വീകാര്യത തിരയുന്നവ……… Vks(Dec 2015)

ഓർമയുടെ നനവുകൾ

​ഓരോ എഴുത്തും നോവിന്റെ മൂർത്തതയാണ്.

അവഗണിയ്ക്കപ്പെടാതെ സൂക്ഷിച്ച അപൂർവം ചില നോവുകൾ….
അനുഭവത്തിന്റെ തീക്കനലുകൾ….
ഒതുക്കപ്പെട്ട വികാരങ്ങളുടെ വേലിയിറക്കങ്ങൾ…..
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ചില പ്രണയങ്ങൾ…..
കേട്ട് കണ്ട് പരിചയിച്ച മായക്കാഴ്ചകൾ.
സാങ്കൽപ്പികതയിലെ പൂതപ്പാട്ടുകൾ.
അവ പരസ്പരം പോരടിച്ച് മൃത്യുവിനെ ജയിച്ച്, കാലത്തെ തോൽപ്പിച്ച്, വാക്കുകളെ പുൽകാൻ വെമ്പുന്നു.
ചിന്തകളുടെ ഒട്ടുവലയിൽ കുടുങ്ങി ഞെരിഞ്ഞമർന്ന് സ്വയം ഭക്ഷണമായി മൃത്യു കാത്ത അവ ഏതോ അജ്ഞാത രക്ഷകരുടെ  ചെറു ചൂണ്ടുവിരലനക്കത്താൽ സ്വാതന്ത്ര്യത്തെ പുൽകി മഷിയിലൂടെ ഒഴുകി പരക്കുന്നു.
നന്ദിയുണ്ട് സുഹൃത്തുക്കളെ ……….
നന്ദിയിൽ ഒതുക്കാൻ കഴിയാത്തത് നിശബ്ദതയ്ക്ക് നൽകുകയാണ്…..vks(sept 2015)

ചിതറിയ സ്വപ്‌നങ്ങൾ.

മഴ പെയ്തു കുതിർന്ന ഒരു പാട് 
സ്വപ്നങ്ങളുണ്ട് മണ്ണിനോട് ചേർന്ന് ഒട്ടിക്കിടക്കുന്നു.

ചിലതിനെ നിലത്തു നിന്നും പതുക്കെ അടർത്തിയെടുത്തു.

പണ്ടെങ്ങോ ഉപേക്ഷിച്ച തീപ്പട്ടിക്കൂട്ടു കണക്കെ ,കാലടികൾ കൊണ്ട് ചവിട്ടിയരയ്ക്കപ്പെട്ട അതിലൊന്ന് പ്രണയമാണ്.
മുഖം നഷ്ടപ്പെട്ട തിരിച്ചറിയാനാകാത്ത പ്രണയം.
ഒരുമിച്ചുള്ളപ്പോൾ നീ പറിച്ചു തന്ന ഹൃദയം ഞാനിപ്പോഴും കരുതിയിട്ടുണ്ട്.
എനിയ്ക്കു സൂക്ഷിയ്ക്കാൻ കഴിയാതെ പോയ നിന്റെ കാഴ്ചകൾക്കും കേൾവികൾക്കും മാപ്പ്.
പ്രത്യാശയുടെ വെയിലിനായി ഞാൻ കാത്തിരിയ്ക്കും.
കണ്ണീർ മഴ കുതിർത്ത നിന്നെ തിരികെ കിട്ടുവാൻ.

വെയിലേറ്റ് കൺതുറക്കുമ്പോൾ അറിയുക, നിന്റെ ഹൃദയം എന്റെ കരുതലായിരുന്നെന്ന്…….vks(Aug 2015)

മരിച്ചവന്റെ ഗീതം

​മരണത്തെക്കുറിച്ചാകട്ടെ ഇനി…….

കാലത്തിന്റെ വിരലടയാളങ്ങൾ പതിയാത്ത നീണ്ട ഉറക്കത്തെ കുറിച്ച്.

പ്രണയത്തിന്റെ, തകർന്ന കുടീരത്തിലെ തണുത്ത് തുരുമ്പിച്ച ജനലഴികളിലൂടെ ദൂരെ കാണുന്ന നിശ്ചലത………
നാളെയ്ക്ക് തരാൻ ബാക്കി വച്ച  സ്നേഹം കടമായി വച്ച്,
നിര തെറ്റി നെറ്റിയിൽ വീണ മുടിയിഴകൾ കോതിയൊതുക്കാതെ,

വാഗ്ശരങ്ങളിൽ മുറിവേറ്റവരുടെ ആർദ്ര മിഴികളേയും കാത്ത് നിശ്ചലതലയിൽ.

ഇനി വരൂ നീ………
തരാതെ പോയ സ്നേഹം ഒരിറ്റു കണ്ണീരിൽ ചാലിച്ച്,

തനിയെ തുറക്കാത്ത വരണ്ട ചുണ്ടുകളിൽ നൽകൂ.

പാടാതെ പോയ ഹൃദയ ഗാനം, ഇനി കേൾക്കാത്ത ഈ ചെവികളിൽ പാടൂ.
അടഞ്ഞ മിഴികളിലെ ലോകത്തെ ഒരു നിമിഷം കാണൂ.

ചുറ്റിലുമുളള മരിയ്ക്കാത്ത ഓർമ്മകളുടെ വിലാപം ശ്രദ്ധിയ്ക്കൂ.

ഇനി ഇറങ്ങി നടക്കൂ ഒരിട നിൽക്കാതെ…..
ചിന്തകളിൽ നിന്ന് പറിച്ചെറിയൂ കാലത്തിലെ ഈ വിസ്മൃതിയെ .

ഇപ്പോൾ നീ പൊഴിച്ച കണ്ണീരും മൂളിയ ഈണവും നിന്റെ നോട്ടവും മതി ഇനി എന്റെ പുതു ജീവിതം തളിരിടുവാൻ ……..vks

ഞാൻ, നീയും

​നിങ്ങൾ എനിയ്ക്കു തന്ന കൂട് നന്നായിട്ടുണ്ട്.

പുറമെ വർണ്ണച്ചായങ്ങൾ കൊണ്ട് അലങ്കരിയ്ക്കപ്പെട്ട സമൂഹം തന്ന കൂട്.

ടിവിയിലെ അരമണിക്കൂർ പരസ്യങ്ങളിൽ പറഞ്ഞു പരത്തിയത്രയും നുണകളേ നിങ്ങളും പറഞ്ഞിട്ടുള്ളൂ.
പക്ഷെ ഈ കൂട്ടിൽ ഇടാനുള്ളത്  എന്റെ സ്വന്തം ജീവിതമാണെന്ന് ഓർക്കാമായിരുന്നില്ലേ.
ഇഷ്ടപ്പെട്ട ആകൃതിയിൽ ഉപയോഗിയ്ക്കാമെന്നു പറഞ്ഞു നിങ്ങൾ തന്ന എല്ലാ കൂടുകളും ഒരേ പോലെയാണ് സ്നേഹിതാ………
ഞാൻ വ്യത്യസ്തനായിരുന്നു.
നിങ്ങളുടെ കൂട്ടിൽ കയറാനാകാത്ത വിധം വ്യത്യസ്തൻ.

കാലം കണ്ട മഹാരഥർ സമ്മാനിച്ച അളവുകൾ കൈയിലുള്ള താവാം ആദ്യം കൂടുകൾ ,പിന്നെ മനുഷ്യർ എന്ന ചിന്ത വന്നത്.
നോക്കൂ സ്നേഹിതാ പുറമെ കാണുന്ന ഉറുമ്പുകൾ കൂടിയ ആ കറ, ഈ കൂട് തിരസ്കരിച്ചവന്റെ, ഒറ്റപ്പെടലിന്റെ ആത്മാഹുതിയുടെ ചോര ഉണങ്ങിയതാണ്.
ഒരു പക്ഷെ എന്റെ ചിന്തകൾ മുറിയുമായിരിയ്ക്കാം .
ചിറകുകൾ അറുക്കപ്പെടുമായിരിയ്ക്കാം.

എങ്കിലും എനിയ്ക്കറിയാം നിങ്ങൾ തരുന്ന കൂട്ടിൽ ഞാൻ ഒതുങ്ങപ്പെടുമെന്ന് .

എന്തെന്നാൽ ജീവിതത്തിൽ ഒരേ പോലുള്ള കൂടുകൾ നിർമ്മിയ്ക്കപ്പെട്ട് അതിൽ സ്വയം ഉൾക്കൊള്ളുന്നതാണല്ലോ  നിങ്ങൾ സ്വാഭാവികതയായി കാണുന്നത്…. Vks

What a dewdrop teaches….

image

It was bursting in my mind that suffocating me not to write a single letter.
And was drowning in shapeless ideas which haunted me the day and night.
Till the ink is spreading on the roughness of the old paper and make itself formless drawings, I was staring to the unknown.
……….. ……….. ……….. ……………
And the morning arrives with a cool breeze to welcome me…..
I looked at a shining dew drop which reflected the whole world through it without a single word.

And it was more than enough
I threw the pen and crushed the paper to the waste.
That there is nothing you can express than a dew drop.
That the world look more bigger when you are so small….
And I liked the smallness
And having been cared like a dew drop…….

vks – sound of silence